ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ പുതിയ ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനത്തിലെ പിഴവുകളുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് ചെയര്മാന് രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയും കേന്ദ്രസര്‍ക്കാര്‍ നീക്കി.
പുതിയ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) സംവിധാനത്തിലെ പിഴവുകളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെയും നിയോഗിച്ചു. കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷന് (സിബിസി) ചെയര്‍പേഴ്സണ്‍ എസ്. രാധാ ചൗഹാനാണ് അന്വേഷണ കമ്മിറ്റിയിലെ ഏക അംഗം. മറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടാന്‍ ഇവര്‍ക്ക് അനുമതിയും നൽകി. അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനുള്ളില്‍ പഴ്സണേല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനു നല്‍കാനും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള റീവെരിഫിക്കേഷന് പോര്‍ട്ടല്‍ നിലവില്‍വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ചെയര്മാന് ഉള്‍പ്പെടെയുള്ളവരെ നീക്കിയത്. ഇത്തവണ സിബിഎസ്ഇ മൂല്യനിര്‍ണയ രീതി വിദ്യാര്‍ഥികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിനാണു കേന്ദ്രത്തിന്റെ വൈകിയുള്ള നടപടി.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ പരിശോധിക്കാനുള്ള സാങ്കേതികതടസമായിരുന്നു പ്രധാന പ്രശ്നം. കുറെ വിദ്യാര്‍ഥികള്‍ക്കു കോപ്പികള്‍ ലഭിച്ചുവെങ്കിലും ഇതില്‍ അവ്യക്തമായ രേഖപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു.
വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രൂക്ഷമായാണ് പ്രതിപക്ഷം കേന്ദ്രത്തെ വിമര്‍ശിച്ചത്. പിഴവുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ചെയര്‍മാനെയും സെക്രട്ടറിയെയും നീക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് നേതൃത്വം എക്സില്‍ പ്രതികരിച്ചു.